• 2
തെരുവിന്‍റെ മക്കള്‍
------------------------------------------------------------------------------------------
വളരെ മെലിഞ്ഞ് കവിളുകള്‍ ഒട്ടിയ ആ പ്രായം കുറഞ്ഞ മുഖത്തേക്ക് നോക്കിയപ്പോള്‍ തന്നെ ഞാനാകെ വിളറിപ്പോയി . ഇടത്തെ തോളില്‍ ഒരു കൊച്ചു മാറാപ്പും, വലത്തെ കയ്യില്‍ ഒരു പിഞ്ചു കുഞ്ഞും. അവളുടെ വസ്ത്രങ്ങള്‍ക്ക് അവളെക്കാള്‍ പ്രായമുണ്ടെന്നെനിക്ക് തോന്നി. പുറത്തേക്കുന്തിയ കണ്ണുകളും, ജട പിടിച്ച മലീമസമായ ...
മുടിക്കെട്ടും അവളുടെ ജീവിത പശ്ചാത്തലം പറയാതെ പറഞ്ഞു തന്നു. തീര്‍ത്തും അബല. ആ ബലഹീനത അവളുടെ കൈകള്‍ക്ക് ലവലേശം ഉണ്ടായിരുന്നില്ല .ഞാനങ്ങനെ ഞെട്ടിത്തരിച്ചു നില്‍ക്കവേ ആ കൊച്ചു പെണ്‍കുട്ടി അവളുടെ വലത്തെ കൈ വളരെ പ്രയാസപ്പെട്ട് എന്‍റെ നേര്‍ക്ക് നീട്ടി. ആ കൈ നീട്ടുമ്പോഴും അവളുടെ പക്കലുള്ള കുഞ്ഞ് വളരെ സുരക്ഷിതനായിരുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി. ഞാനെന്തോ ആലോചിച്ചു പോയി.
പെട്ടെന്നവള്‍ പറഞ്ഞു " കഴിച്ചിട്ട് കൊറെയായി "
അവളൊന്നു കുമ്പിട്ടു നിന്നു, എന്നിട്ട് നിവര്‍ന്നു നിന്നെന്റെ കണ്ണുകളിലേക്ക് നോക്കി. ആ പുറത്തേക്കുന്തിയ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊടിയുന്നുണ്ടായിരുന്നു. ഞാനുടനെ തന്നെ എന്‍റെ പേഴ്സില്‍ നിന്നും ഒരു പത്തു രൂപാ നോട്ട് എടുത്ത് അവളുടെ കൊച്ചു കൈകളില്‍ വച്ചു. അപ്പോഴും ആ കുഞ്ഞ് ഒന്നുമറിയാതെ അവന്‍റെ ചേച്ചിയുടെ കൈകളില്‍ കിടന്ന്‍ ഉറങ്ങുകയായിരുന്നു. അവള്‍ ആ നോട്ട് എടുത്ത് വളരെ ശ്രദ്ധയോടെ അവളുടെ ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ ഇട്ടു.എന്നിട്ട ഒരു ചെറു പുഞ്ചിരി തന്നിട്ട് നടന്നു തുടങ്ങി. നടന്നു തളര്‍ന്നിട്ടെന്നോണം, അവിടെ മാറി ഒരിടത്ത് ഇരിപ്പുറപ്പിച്ചു. ആ കുഞ്ഞ് ഉറക്കമുണര്‍ന്നു. ബാല്യത്തിന്‍റെ വികൃതികള്‍ ഒന്നും തന്നെ അവന്‍റെ മുഖത്തുണ്ടായിരുന്നില്ല. ഒന്ന് കരഞ്ഞു നിലവിളിക്കാണോ,ചേച്ചിയുടെ കൈകളില്‍ നിന്നും ഓടി പോകാനോ അവന്‍ ശ്രമിച്ചില്ല. അവര്‍ക്ക് വിശപ്പ് ഒരു ശീലമായി കഴിഞ്ഞെന്ന്‍ എനിക്ക് മനസ്സിലായി. അവരുടെ കണ്ണുകളില്‍ പ്രതീക്ഷയില്ല, ബോധമില്ല എന്തിനോ ജനിച്ചു,എന്തിനോ ജീവിക്കുന്നു ,മരണം വരെ കൈ നീട്ടുക എന്നതായിരിക്കണം അവരാലോചിക്കുന്നത് എന്നെനിക്കു തോന്നി.യാഥാര്‍ത്യത്തെ നോക്കി ഒന്ന് വിതുമ്പി കരഞ്ഞു കൂടെ ഇവര്‍ക്ക്? അവളുടെ നിസഹായാവസ്ഥ അവളുടെ കണ്ണുകളെ എത്ര വട്ടം ഈറനാല്‍ കഴുകി കാണും അല്ലെ? നാളെയെ ഓര്‍ത്ത് അവര്‍ ആകുലപ്പെടുന്നില്ല. ഇന്നലെയെ ഓര്‍ത്ത് വിലപിക്കുന്നുമില്ല. ചിരിക്കാന്‍ മറന്നു പോയവര്‍ ഇന്നെന്തോ അതാണവര്‍ 'തെരുവിന്‍റെ മക്കള്‍'.
-അരുണ്‍ രാജ്

2 comments: