• 0
                 അരങ്ങേറ്റം
""""""""""""""""""""""""""
ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം . വേണുഗോപാലന്‍ സാര്‍ ആയിരുന്നു ക്ലാസ്സ് ടീച്ചര്‍.
അങ്ങനെയിരിക്കെ ഒരിക്കല്‍ ആ മൈക് അനൌണ്‍സ്മെന്റ് കേട്ടു.
 "പ്രിയപ്പെട്ട വിദ്യാര്‍ഥികളെ, ഈ അധ്യയന വര്‍ഷത്തിലെ , യുവജനോത്സവം വരുന്ന മാസം ഏഴാം തിയതി
നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു .
നാടകം,ഗാനമേള,സംഘ ഗാനം  എന്നിങ്ങനെ വിവിധയിനം പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന കുട്ടികള്‍
അടുത്ത ആഴ്ചക്കകം പേര് നല്‍കേണ്ടതാണ്. "
അന്നത്തെ മലയാളം സെക്കന്റ്‌ പുസ്തകത്തിലെ 'അളിയന്‍ വന്നത് നന്നായി' എന്നാ നാടകം ആസ്വതിച്ചു വായിക്കുമ്പോള്‍
അത് വച്ചൊരു നാടകം കളിചാലെന്തായെന്നു ചിന്തിച്ചിരുന്നു. അനൌണ്‍സ്‌മന്റ്‌ കേട്ടതും എന്തെന്നില്ലാത്ത ഒരാഹ്ലാതം
മനസ്സിലുണ്ടായി.ഉടനെ തന്നെ അടുത്തിരുന്ന കൂട്ടുകാരനോട് പറയുകയും ചെയ്തു.
"മുകേഷേ, നമുക്കും കളിക്കണ്ടേ ഒരു നാടകം.??"
അവന്‍റെ രസികന്‍ മറുപടി ഇങ്ങനെയായിരുന്നു.
"പിന്നേ.! നാടകം !!"
"നാടകം കളിച്ചേ തീരൂ , നമുക്ക് പട്ടുമെടാ...."
"ഉം നോക്കാം , ഇതു കഥ എടുക്കും??"
"നമ്മുടെ മലയാളം സെക്കന്ടിലെ കഥ തന്നെയെടുക്കാം...'അളിയന്‍ വന്നത് നന്നായി '  ....."
"കൊള്ളാം അത് നല്ല കഥയാ....പക്ഷെ ആര് 'ഡയറക്റ്റ് ' ചെയ്യും ???"
"നാടകസംവിധാനം എന്തെന്നറിയാത്ത ഞാന്‍ പെട്ടെന്നുണ്ടായ ആകാംഷയില്‍ അറിയാതെ പറഞ്ഞു പോയി..
"അത് ഞാനേറ്റു...നിങ്ങള്‍ അഭിനയിച്ചാല്‍ മാത്രം മതി..."
അവന്‍ സമ്മതിച്ചു.
"ആരെക്കൊണ്ടോക്കെ അഭിനയിപ്പിക്കും ??"
"അഭിനേതാക്കള്‍ക്കോ  ക്ഷാമം ???  നമ്മുടെ ക്ലാസ്സില്‍ തന്നെയില്ലേ???"
"അതൊക്കെ ശരി, പക്ഷെ അവരെ നീ കണ്ടെത്തുകയും അവരോടു  സംസാരിക്കുകയും വേണം "
ഒരു കൈ കൊടുത്തു ഞാന്‍ പറഞ്ഞു .
"ഞാനുണ്ടെടാ..,എല്ലാത്തിനും. ഈ നാടകം 'ഒരു അവിസ്മരണീയ സംഭവമാകും' .    "
"DONE"
പെട്ടെന്നൊരു ശബ്ദം ,
"അരുണ്‍.............എന്താ അവിടെ? !!"
ഞങ്ങളുടെ സംസാരം ടീച്ചറുടെ ക്ലാസ്സ്‌ സമയത്തായിരുന്നു എന്ന  കാര്യം ഞാന്‍ അപ്പോഴാണ്‌ ഓര്‍ത്തത്.
"ഇല്ല ടീച്ചര്‍ ഒന്നുമില്ല"
അങ്ങനെയിരുന്ന്‍ സ്കൂളിലെ ഒരു പ്രവര്‍ത്തി ദിവസവും കഴിഞ്ഞു. വീട്ടിലേക്കു തിരിച്ചു നടക്കുമ്പോഴും
എന്റെ മനസ്സില്‍ നാടകത്തിന്‍റെ ചിന്തകളായിരുന്നു.
നാടകത്തിനാദ്യം  വേണ്ടത് വേണ്ടത് ഒരു നല്ല കഥയായിരുന്നു. അത് കിട്ടിയല്ലോ,
ഇനി വേണ്ടത് അഭിനയിക്കാനുള്ള ആളുകളാണ് . അന്ന് രാത്രി മുഴുവന്‍
ഞാന്‍ ആലോച്ചനകളിലായിരുന്നു. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുവാന്‍ കെല്‍പ്പുള്ളവര്‍ തന്നെയായിരിക്കണം .
ഒരു ഗൃഹനാഥന്‍, ഗൃഹനാഥന്‍റെ ഭാര്യ, അവരുടെ പുര നിറഞ്ഞു നില്‍ക്കുന്ന മകള്‍, അളിയന്‍ ,വിധവയായ മൂത്ത മകള്‍,
 ഇളയ മകളെ പെണ്ണ് കാണാന്‍ വരുന്ന ചെറുക്കന്‍ ,ഹംസം എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍. എന്റെ സകല ചിന്തകളും നാടകത്തെ പറ്റി തന്നെയായിരുന്നു.
അങ്ങനെ ഞാന്‍  അടുത്ത ദിവസം ക്ലാസിലെത്തിയപ്പോള്‍ തന്നെ കാസ്റ്റിംഗ് ആരംഭിച്ചു.ക്ലാസ്സിലെ സകലമാന കുട്ടികളെയും അടിമുടി നിരീക്ഷിച്ചുകൊണ്ടേയിരുന്നു.
ചിലര്‍ക്ക് സൗന്ദര്യമുണ്ടെങ്കില്‍ ചിലര്‍ക്ക് ഉയരമില്ല.സൗന്ദര്യവും ഉയരവുമുള്ളവര്‍ക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെയിരുന്ന് ഉച്ചയായി.
എല്ലാവരും ഊണ് കഴിച്ചു കഴിഞ്ഞിരുന്നു. ചിലര്‍ ഉച്ച നടത്തത്തിനു പോയി. ചിലരോ, അപ്പുറത്തെ ക്ലാസ്സിന്‍റെ
വരാന്തയില്‍ പോയി നില്‍ക്കുന്നു. എന്തിനാണോ എന്തോ??. മറ്റു ചിലര്‍ ഉച്ചമയക്കത്തിലാണ്ടു.
എന്‍റെ  ക്ലാസ്സ്‌ മേറ്റ്‌ 'മായ' ഇക്കാര്യങ്ങളില്‍ വളരെ താല്പ്പര്യവതിയായിരുന്നു.
പുള്ളിക്കാരിയോട് ഞാന്‍ എന്റെ നാടകാഭിനിവേശം അറിയിച്ചു.
അവള്‍ പറഞ്ഞു
    " നീ പേടിക്കണ്ട, സൗന്ദര്യവും ഉയരവും,അഭിനയിക്കാനുള്ള കഴിവുമുള്ളവര്‍ ഇക്കൂട്ടത്തില്‍ തന്നെയുണ്ട്. ഞാന്‍ പറഞ്ഞ് ശരിയാക്കിത്തരാം."
ഞാന്‍ ആവേശം കൊണ്ട് തലയാട്ടി.
മായ തുടര്‍ന്നു     "നമ്മുടെ 'അപര്‍ണ' നാടകങ്ങളോടൊക്കെ താല്‍പ്പര്യമുള്ള കൂട്ടത്തിലാണ്. ഞാനവളോട് കാര്യം അവതരിപ്പിക്കാം."
"ഓ..., ശരി "
     എന്‍റെ ഭാഗ്യത്തിനോ അവളുടെ നിര്‍ഭാഗ്യത്തിനോ എന്നറിയില്ല ,അവള്‍ അഭിനയിക്കാന്‍ സമ്മതം മൂളി.
അവളുടെ സൗന്ദര്യത്തിനും കുലീനതക്കും നല്‍കാന്‍ കഴിയുക നായികയുടെ റോള്‍ തന്നെയായിരുന്നു.
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ റോള്‍ തന്നെ കൊടുത്തു.
"ഇനി നീ തന്നെ ബാക്കിയുള്ളവരെ കണ്ടെത്."
മായ പറഞ്ഞു.
ഞാന്‍ സമ്മതിച്ചു.
അപ്പോഴേക്കും ഉച്ചനടത്തം മതിയാക്കി മുകേഷും കൂട്ടരും തിരിച്ചെത്തിയിരുന്നു.
കൂടെ ഉല്ലാസ്, നമജീവ്, പിന്നെ ശ്രേയസ് എന്നിവരും അവനെ അനുഗമിച്ചു.
ഞാന്‍ പറഞ്ഞു
  " യുവജനോല്‍സവമല്ലേ വരുന്നത് , നമുക്കൊരു നാടകം തട്ടിക്കൂട്ടണ്ടേ?  "
"കൊള്ളാമല്ലോ , നാടകമൊക്കെ നടത്താം ,പക്ഷെ എനിക്കുമൊരു റോള്‍ വേണം "
'തേടിയ വള്ളി കാലില്‍ ചുറ്റി."  ഞാന്‍ മനസ്സില്‍ ആശ്വസിച്ചു.
എന്നിട്ട് തുടര്‍ന്നു,  "പിന്നെന്താ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ റോള്‍ തീര്‍ച്ചയായും തന്നിരിക്കും എന്താ???? "
"അത് ന്യായം!, എങ്കില്‍ ഞങ്ങള്‍ കൂടാം " നമജീവ് പറഞ്ഞു.
" അഭിനയിച്ചില്ലെങ്കിലും ഞാന്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്യാനുണ്ടാകും "   ശ്രേയസ് പ്രക്യാപിച്ചു.
പാതി രാജ്യം കീഴടക്കിയ രാജാവിനെ പോലെ എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷം.
ഇനി ഓരോരുത്തര്‍ക്കും വേണ്ട റോള്‍ കൊടുക്കണം.
ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ചുള്ള റോളുകള്‍ കൊടുക്കാമെന്നു ഞാന്‍ തീരുമാനിച്ചു.
അങ്ങനെ മുകേഷിന് നാടകത്തിലെ അളിയന്‍റെ റോളും, ഉല്ലാസിന് ഹംസത്തിന്‍റെ റോളും നല്‍കി.
നമജീവിനു പെണ്ണ് കാണാന്‍ വരുന്ന ചെറുക്കന്‍റെ റോളും കൊടുത്തു.
ഇനി എന്‍റെ  റോള്‍, അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു, 'ഞാനല്ലേ director'. അങ്ങനെ ഞാന്‍ എന്‍റെ റോള്‍ തിരഞ്ഞെടുത്തു.
'ഗൃഹനാഥന്‍'   
ഹായ് , നാടകത്തിലെ പ്രധാന കഥാപാത്രം. മാത്രമല്ല ഏറ്റവുമധികം 'dialogue' ആ ക്യാരക്ടറിന് തന്നയായിരുന്നു.
പിന്നെ വേണ്ടിയിരുന്നത് ഗൃഹനാഥയുടെ ക്യാരക്റ്റര്‍
ചെയ്യാനുള്ള ഒരാളെയായിരുന്നു.  ക്ലാസ് മുഴുവന്‍ ഒന്ന് കണ്ണോടിച്ചു.
"ഉം ഉണ്ട് ഒരാളുണ്ട്,എന്‍റെ കണ്ണ് പോയി നിന്നത് 'വിതുവിന്‍റെ' മുഖത്തായിരുന്നു."
ഞാനപ്പോള്‍ തന്നെ വിതുവിനോട് കാര്യം പറഞ്ഞു. ആദ്യമൊക്കെ മടിച്ചെങ്കിലും അഭിനയിക്കാമെന്ന് സമ്മതിച്ചു.
എല്ലാം തികഞ്ഞു.  ഇനി റിഹേര്‍സല്‍ തുടങ്ങണം.
പിറ്റേന്ന് ഉച്ചക്ക് നാടകത്തില്‍ അഭിനയിക്കാമെന്നു സമ്മതിച്ച സകല കലാകാരന്മാരെയും കലാകാരികളെയും  വിളിച്ചു കൂട്ടിയൊരു ഉച്ച സമ്മേളനം നടത്തി.
 പ്രധാന വിഷയം റിഹേര്‍സല്‍  തന്നെയായിരുന്നു. എന്ന് മുതല്‍ തുടങ്ങണം, സമയം  അങ്ങിനെയങ്ങിനെ ;
 ഒടുവില്‍ എല്ലാവരുടെയും സൗകര്യാര്‍ത്ഥം ദിവസവും വൈകീട്ട് സ്കൂള്‍ വിട്ടതിനു ശേഷം
ഒരു മണിക്കൂര്‍ റിഹേര്‍സല്‍  നടത്താമെന്ന് തീരുമാനിച്ചു. അങ്ങനെ അടുത്ത ദിവസം വൈകീട്ട് ഞങ്ങള്‍ എല്ലാവരും ഒത്തു കൂടി.
ഞാനെന്‍റെ നാടക സംവിധാനം ആരംഭിച്ചു.അതെന്റെ ആദ്യത്തെ (അവസാനത്തെയും) സംരംഭമായിരുന്നു.
എല്ലാവര്‍ക്കും കഥയറിയാവുന്നത് കൊണ്ട് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.
 മാത്രമല്ല,   'ഗീത'  ടീച്ചര്‍ (മലയാളം സെക്കന്റ്‌ അദ്ധ്യാപിക)  വളരെ സുന്ദരമായി തന്നെ നാടകം വിവരിച്ചു ക്ലാസ്സെടുത്തു തന്നിരുന്നു.
(ടീച്ചറുടെ ക്ലാസ്സ്‌ എന്നെ പലപ്പോഴും അതിശയിപ്പിചിട്ടുണ്ടായിരുന്നു. നാടകം പറഞ്ഞു തരുമ്പോള്‍
നമ്മള്‍ അതിലെ കഥാപാത്രങ്ങളാണോ എന്ന് വരെ തോന്നിപ്പോയിട്ടുള്ള എത്രയോ നിമിഷങ്ങള്‍.)
എന്‍റെ ജോലി പകുതി കുറഞ്ഞെന്നു പറയുന്നതാകും ശരി. 
അങ്ങനെ എന്‍റെ 'direction' ല്‍ 'തോപ്പില്‍ ഭാസി' യുടെ 'അളിയന്‍ വന്നത് നന്നായി' എന്നാ നാടകത്തിന്‍റെ
റിഹേര്‍സല്‍  ആരംഭിച്ചു. കഠിനമായ റിഹേര്‍സല്‍  ആഴ്ചകളോളം നീണ്ടു.
 ഒടുവില്‍ ഇനി നാടകത്തിന് ഒരു ദിവസം കൂടിയേയുള്ളൂ എന്നായി. അന്നും ഞങ്ങള്‍ തീക്ഷണമായ
റിഹേര്‍സലില്‍ തന്നെയായിരുന്നു. ഇതിനോടകം എല്ലാവരും സ്വന്തം ക്യാരക്റ്ററുകളെ ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു.
അങ്ങനെ നേരം സന്ധ്യയോടടുത്തു. ഏതാണ്ട്
ഒരു പതിനഞ്ചു റിഹേര്‍സല്‍  ഞങ്ങളെടുത്തു കാണും.  ഞങ്ങളുടെ പ്രാക്ടീസ് എല്ലാം സ്റ്റേജില്‍ വച്ച് തന്നെയായിരുന്നു.
അവിടെയാകുമ്പോള്‍ ഞങ്ങള്‍ക്ക് സ്റ്റേജില്‍ കയറുമ്പോള്‍
എന്തൊക്കെ ചെയ്യണം എവിടെ നില്‍ക്കണം  എന്നൊക്കെ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. അങ്ങനെ അവസാനഘട്ട റിഹേര്‍സല്‍ ആരംഭിച്ചു.
ആദ്യ സീനില്‍ ഞാനും ഗൃഹനാഥയായ 'വിതു' വും  ആയിരുന്നു രംഗത്ത്.
കട്ടിലില്‍ മലര്‍ന്നു കിടന്നുറങ്ങുന്ന ഗൃഹനാഥന്‍ .
 പൂവന്‍ കോഴിയുടെ കൂവല്‍ കേട്ട് കയ്യില്‍ ചായയുമായ് വരുന്ന ഭാര്യയെ കണികണ്ടുണരുന്നു. ഭാര്യയോട് ദീര്‍ഘനേരത്തെ
സംസാരത്തിനൊടുവില്‍ ഗൃഹനാഥന്‍  (ഞാന്‍)  ചോതിക്കുന്നു.
"കറിയെന്തു  വച്ചു ?? "
ഗൃഹനാഥ (വിതു)  തന്‍റെ ഗായികാഭാവത്തെ പുറത്തെടുത്ത് ഒരു കിടിലന്‍ ഗാനമാലപിക്കുന്നു.

" അയല പൊരിച്ചതുണ്ട്
കരിമീന്‍ വറുത്തതുണ്ട് 
കുടംബുളിയിട്ടു വെച്ച
നല്ല ചെമ്മീന്‍ കറിയുണ്ട്."

'വിതു'  തന്റെ സാമര്‍ത്ഥ്യം തെളിയിച്ചു. അങ്ങിനെ എല്ലാം ശുഭമായി.
എല്ലാവരും നാടകത്തിനു തയ്യാര്‍.
അന്നത്തെ ദിവസം രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല. ഞാന്‍ കണ്ണ് തുറന്നു പിടിച്ചുകൊണ്ട് സ്വപ്‌നങ്ങള്‍ കാണുകയായിരുന്നു.
'നാടകം ശുഭമായി പര്യവസാനിക്കുന്നു,  ടീച്ചര്‍മാരും,കുട്ടികളും ഞങ്ങളെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നു.
ചിലര്‍ സ്റ്റേജില്‍ കയറി വന്ന് എന്നെ 'നോട്ടുമാലകള്‍'  അണിയിക്കുന്നു.'
ആ സുന്ദര സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുവാനും , അതിന്‍റെ മാധുര്യം നുകരുവാനും എനിക്ക് ഉറങ്ങേണ്ടി വന്നതേയില്ല
  വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ എനിക്കെല്ലാം വ്യക്തമായിത്തന്നെ കാണാമായിരുന്നു.
നാളത്തെ സ്റ്റേജ് മാത്രമായിരുന്നു എന്‍റെ രണ്ടു കണ്ണുകളില്‍ മിന്നി മറിഞ്ഞു പോയിക്കൊണ്ടിരുന്നത്. അങ്ങനെ കിടന്ന് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയിരുന്നു.

പിന്നീട് ഞാനുണര്‍ന്നത് എന്‍റെ സ്കൂള്‍ കാലഘട്ടത്തിലെ അവിസ്മരണീയമായ ആ ദിവസത്തിലേക്കാണ്. ആ സുന്ദരപ്രഭാതത്തിലേക്കാണ്‌ .
അന്ന് ഞാന്‍ നേരത്തെ സ്കൂളില്‍ എത്തിയിരുന്നു. നാടകത്തിന്
മേക്അപ്  ചെയ്യണമെന്ന് ക്ലാസ്സിലെ ചില കുട്ടികളോട് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നു. അവരില്‍ ചിലര്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
അന്നത്തെ ആ പ്രഭാതം എന്നെ സംബന്ധിച്ചിടത്തോളം പതിവിലും വ്യത്യസ്തമായിരുന്നു. എന്‍റെ 'അരങ്ങേറ്റം' നടക്കുവാന്‍ പോകുന്നു.
അങ്ങനെ കുറച്ചു സമയത്തിനകം എല്ലാവരും എത്തിച്ചേര്‍ന്നു. ഇതിനിടെ സ്കൂളിന്‍റെ പരിസരം മുഴുവന്‍ കലാകാരന്മാരാല്‍ നിറഞ്ഞിരുന്നു.
ഓരോ ക്ലാസ്സ്‌ മുറികളിലും 'ടഫ്ത് മുട്ട് , നാടകം,തിരുവാതിരക്കളി,
ഭരതനാട്ട്യം,അങ്ങനെ വ്യത്യസ്ത പരിപാടികള്‍ക്കുള്ള കുട്ടികളുടെ  തിരക്കെനിക്ക് കാണാമായിരുന്നു.
ഒടുവില്‍ ആരുമില്ലെന്ന് കണ്ട ഒരു ക്ലാസ്സ്‌ മുറിയിലേക്ക് ഞങ്ങളെല്ലാവരും ഇരച്ചു കയറി.
എല്ലാവരും ആകെ ത്രില്ലിലായിരുന്നു.മേക് അപ് കലാകാരന്മാര്‍ അവരുടെ പണി തുടങ്ങി.
ഞാനടക്കം എല്ലാ ആര്‍ടിസ്റ്റ്കളും ഇരുന്നു കൊടുത്തു. അതിനിടയില്‍ എപ്പോഴോ സ്റ്റേജില്‍ നിന്നും "ഹലോ മൈക് ടെസ്റ്റിംഗ് ....ചെക്ക്‌ ചെക്ക്‌.."
എന്നിങ്ങനെ കേട്ടുകൊണ്ടിരുന്നു . അത് എന്നിലൊരു പ്രത്യേക ആകാംഷയും ഉണര്‍ത്തിയിരുന്നു.
ക്ലാസ്സ്മുറി അകത്തു നിന്നു കുറ്റിയിട്ടിരുന്നതിനാല്‍ ആര്‍ക്കും അകത്തെ കാഴ്ചകള്‍ കാണുവാന്‍ ജനാലകള്‍ തന്നെയായിരുന്നു ഉപാധി.
ഞാന്‍ നോക്കുമ്പോഴുണ്ട് ജനാലയിലൂടെ ചെറിയ കുട്ടികള്‍ എത്തി നോക്കുന്നു.എനിക്കെന്തോ ഒരഭിമാനം തോന്നി.
ഞാനങ്ങനെ ഞെളിഞ്ഞിരുന്നു.ഒടുവില്‍ ടച്ച്‌ അപ് തീര്‍ന്നു.
ഞങ്ങള്‍ സ്റ്റേജ്നേ ലക്ഷ്യമാക്കി നടന്നു. എന്‍റെ വേഷം വളരെ പഴയൊരു ഷര്‍ട്ടും ,മുണ്ടും, തലയാകെ നര പിടിപ്പിചിട്ടുണ്ടായിരുന്നു.
ഗൃഹനാഥ 'വിതു' വിന്‍റെ വേഷം സാരിയായിരുന്നു. മുടി നരപ്പിചിട്ടുണ്ട്.അങ്ങനെ എല്ലാവരെയും ചെറിയ
സമയം കൊണ്ട് വളരെ നന്നായി ഒരുക്കിയിട്ടുണ്ടായിരുന്നു.
 ഇതിനകം സ്കൂളും സ്ടേജിന്‍റെ പരിസരവും ഒരു 'അവിസ്മരണീയ യുവജനോത്സവ' ത്തിന്  തയ്യാരായിക്കഴിഞ്ഞിരുന്നു.
സ്കൂള്‍ ജനനിബിഡമായി എന്‍റെ ആകാംഷയും ദൈര്യവും ചെറുതായൊന്ന് കുറഞ്ഞു വരുന്നതായി എനിക്ക് അനുഭവപ്പെട്ടു.
അപോഴാണ് ചിലതെല്ലാം മനസ്സിലേക്ക് കടന്നു വന്നത്.
'ഞാനാദ്യമായിട്ടാണ് നാടകം കളിക്കാന്‍ സ്റ്റേജില്‍ കയറുന്നത്, അതും ഞാന്‍ സംവിധാനം ചെയ്ത നാടകം.'
  എന്‍റെ കൈയും കാലും ചെറുതായൊന്ന് വിറക്കുന്നില്ലെയെന്ന് ഞാനാകുലപ്പെട്ടു.  അതെ വിരക്കുക തന്നെയായിരുന്നു.
ഞാന്‍ മുകേഷിനോട്‌ പറഞ്ഞു " ഡാ എനിക്കെന്തോ ഒരു ചെറിയ പേടി  പോലെ "
മുകേഷ് എനിക്ക് ആശ്വാസം പകര്‍ന്നു.  " നീ ഒറ്റയ്ക്ക് പേടിക്കണ്ടാടാ, നമുക്കൊരുമിച്ചു പേടിക്കാം."
"ങേ  !!"
ചെണ്ട മദ്ധളത്തോട്  പറഞ്ഞ കൂട്ടായിരുന്നു അത്.
ഞാനെന്‍റെ സര്‍വ്വ ദൈര്യവും സംഭരിച്ച് ചെസ്സ്‌ നമ്പര്‍ വാങ്ങുവാന്‍ ചെന്നു.എന്‍റെ ഭാഗ്യമെന്നു പറയട്ടെ , എനിക്ക് കിട്ടിയത്  സാക്ഷാല്‍  "1" ആയിരുന്നു.
എന്‍റെ നെഞ്ച് ഒന്നാളി.   ആദ്യമായിട്ടാണേ ....!
അങ്ങനെ അല്‍പ്പ സമയത്തിന് ശേഷം വിളി വന്നു.  "നാടകം .......ചെസ്സ്‌ നമ്പര്‍ ഒന്ന്‍."
ഞങ്ങള്‍ എല്ലാവരും പാതിജീവനും കൊണ്ട് സ്റ്റേജില്‍ നിലയുറപ്പിച്ചു
ആദ്യത്തെ സീനില്‍ ഞാനും 'വിതു'വും ആയിരുന്നു. ഞാന്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുകയാണ്.

കര്‍ട്ടന്‍ ഉയര്‍ത്തുന്നതിനു മുന്‍പ് തന്നെ കാണികള്‍ ആവേശം കൊണ്ട്
ആര്‍ത്ത് കൈയടിക്കുന്നത് എനിക്ക് ശരിക്കും കേള്‍ക്കാമായിരുന്നു. ആ ബഹളത്തിനിടയില്‍ എവിടെ നിന്നോ
" അരുണ്‍ അരുണ്‍......." എന്നിങ്ങനേ ആര്‍പ്പു വിളികളും എനിക്ക് വേര്‍തിരിച്ച് കേള്‍ക്കാമായിരുന്നു.
അതെനിക്കല്‍പ്പമെങ്കിലും ഊര്‍ജം പകര്‍ന്നിട്ടുണ്ടാവണം.
എനിക്ക് കുറച്ചു ദൈര്യമൊക്കെ തോന്നി. പെട്ടെന്നായിരുന്നു, കര്‍ട്ടന്‍ മുകളിലേക്കുയര്‍ന്നത്‌.
എന്‍റെ ഉള്ളൊന്നു കത്തി, സ്റ്റേജ്ന് മുന്‍പില്‍ ഒരു ജനസമുദ്രം അലയടിക്കുന്നതെനിക്ക് കാണാമായിരുന്നു. ഒരു പത്തഞ്ഞൂറു പേര്‍ കാണും.
ഞാന്‍ നോക്കുമ്പോള്‍ 'വിതു' എന്‍റെ പുറകില്‍ പകച്ചു മാറി നില്‍ക്കുകയാണ്. അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു.
(അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്തന്‍....ആയിരിക്കുമെന്ന് ഞാനൂഹിച്ചെടുത്തു.)
അപ്പോഴേക്കും ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ആരംഭിച്ചു.
"കൊക്കോകോ കോ........"
അങ്ങനെ ആ ;അവിസ്മരണീയമായ നാടകം സുഖസുന്ദരമായി ആരംഭിച്ചു.
ഗൃഹനാഥന്‍ ഗൃഹനാഥയോട് ഡയലോഗുകള്‍ പറഞ്ഞു. അങ്ങനെ 'വിതു' വിന്‍റെ ആലാപന സാമര്‍ത്ഥ്യം പ്രകടമാക്കാനുള്ള ആ അസുലഭ നിമിഷം വന്ന് ചേര്‍ന്നു.
ഞാന്‍ ആരാഞ്ഞു, "കറി എന്തു വച്ചു?"
'വിതു' എന്തോ ആലോചിച്ചു നില്‍ക്കുകയായിരുന്നു.ഞാന്‍ വീണ്ടും ചോതിച്ചു.
"കറി എന്തു വച്ചു.?"
അവള്‍ ഏതോ സ്വപ്നത്തിലായിരുന്നു എന്നെനിക്ക്  തോന്നി. ഒരു വെള്ളിടി എന്‍റെ നെഞ്ചത്ത് വീണ പോലെയാണ് എനിക്ക് തോന്നിയത്.
ഞാന്‍ 'വിതു' വിനെ നോക്കി എന്‍റെ കണ്ണുകള്‍ അവളെ ചീത്ത വിളിക്കുന്നത് അവള്‍ ശരിക്കും കേട്ടു ,അവള്‍ മാത്രം കേട്ടു.
അവള്‍ പെട്ടെന്നുണര്‍ന്നു, എന്നിട്ടൊരു ചോദ്യം. 
 "എന്ത്??"
ഞാനെന്‍റെ ദേഷ്യവും പുറത്തെടുത്ത് ചോദിച്ചു.
"എന്തു കറിയാ വെച്ചേ???"
അവള്‍ ഒന്ന് പരിഭ്രമിച്ചു എന്നിട്ട് പറഞ്ഞു.
" ക.......കറി....അയല പിന്നെ ചെമ്മീന്‍ ..."
നിറഞ്ഞ സദസ്സില്‍ നിന്നും കൂട്ടച്ചിരിയുയര്‍ന്നു. അവള്‍ പെട്ടെന്ന് തന്നെ സ്റ്റേജിന്‍റെ പുറകിലേക്ക് ഓടി പോവുകയും ചെയ്തു.
ആ സീന്‍ അവിടെ കഴിഞ്ഞു.
അടുത്ത സീന്‍ ആരംഭിച്ചു. വേദിയില്‍ ഞാനും പെണ്ണുകാണാന്‍ വരുന്ന ചെറുക്കനും ഹംസവും ഒരഞ്ചു  മിനിറ്റ് നീണ്ടു നിന്ന ഡയലോഗുകള്‍ക്ക് ശേഷം ഞാന്‍ പറഞ്ഞു.
"പെണ്‍ക്കുട്ടിയെ വിളിക്ക്"
'അപര്‍ണ' അണിഞ്ഞൊരുങ്ങി വന്ന്. ഞാന്‍ എന്‍റെ ഡയലോഗ് തുടര്‍ന്നു.
അങ്ങനെ ആ സീനും അവിടെ അവസാനിച്ചു.
മൂന്നാമത്തെ സീനില്‍ ഞാനും 'വിതു'വും തന്നെയായിരുന്നു.  ഞാന്‍ ഡയലോഗ് തുടങ്ങി.
"ഇത്ര നേരമായിട്ടും ചോറ് റെഡി ആയില്ലേ?"
അല്‍പ്പ സമയം കഴിഞ്ഞിട്ടും മറുപടിയൊന്നും വന്നില്ല.
ഞാന്‍ പിന്നിലേക്ക്‌ നോക്കി. ഇല്ല 'വിതു'വിനെ കാണുവാനില്ല. കാണികള്‍ക്ക് ചിരി നിര്‍ത്താനായില്ല.
അവര്‍ക്ക് വെറുതെയിരുന്ന് ചിരിച്ചാല്‍ മാത്രം മതിയല്ലോ.
ഞാന്‍ പിന്നെയൊന്നും നോക്കിയില്ല സ്റ്റേജ്ന്‍റെ പുറകിലേക്ക് തന്നെ പോയി.
 സ്റ്റേജ് ഞങ്ങളുടെ അഭാവത്തില്‍ ശൂന്യമായിരുന്നു. സ്റ്റേജിന്‍റെ പുറകില്‍ കണ്ട കാഴ്ച്ച എന്‍റെ രൗദ്ര ഭാവത്തെ പുറത്തെടുത്തു.
'വിതു'വും 'അപര്‍ണ'യും  അവിടിരുന്ന്‍ വര്‍ത്തമാനം പറയുകയായിരുന്നു. എന്‍റെ വായില്‍ നിന്നറിയാതെ "എന്‍റെ പടച്ചോനെ " എന്ന് വന്നു.
എന്നിട്ട് ദേഷ്യം കടിച്ചു പിടിച്ച് ഞാന്‍ പറഞ്ഞു.

"വിതു സ്റ്റേജിലേക്ക് വാ നിന്‍റെ സീന്‍ ആണ്."
വിതു തല കുനിച്ചിരുന്നു.
എന്നിട്ടൊരു മറുപടിയും തന്നു.

"ഞാനിനി ഇല്ല , എനിക്ക് ഭയങ്കര തലവേദന."
"ചതിച്ചോ.!!"
ഇതിനോടകം കാണികള്‍ ചിരി നിര്‍ത്തിയിരുന്നു.
പിന്നെ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത് വിശപ്പ്‌ മാറ്റിയ കുറുക്കന്മാര്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക ശബ്ദമായിരുന്നു.
അതേതാണ്ട് ഇങ്ങനെയായിരുന്നു.

"കൂ കൂ കൂ............"

ഇനിയെന്തു ചെയ്യും 'വിതു' ഇല്ലാതെ എനിക്ക് വീണ്ടും സ്റ്റേജിലേക്ക് കയറുവാന്‍ നിര്‍വാഹമില്ലായിരുന്നു.
അതോടെ "അരുണ്‍.അരുണ്‍..." എന്ന ആര്‍പ്പു വിളികള്‍ നിലച്ചിരുന്നു. പകരം വേറെന്തൊക്കെയോ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇത്തവണ അതെന്താണെന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല
പെട്ടെന്ന് ഒരു ചെരുപ്പ് വന്ന് സ്റ്റേജിന്‍റെ പുറകില്‍ വന്ന് വീണു. അപ്പോള്‍ തന്നെ കര്‍ട്ടന്‍ താഴ്ത്തി.
ഹോ......അങ്ങനെ എന്‍റെ ആദ്യത്തെ നാടകം എന്‍റെ ഒരു പാതിമാസക്കാലത്തെ പ്രയത്നം അവിടെ നിഷ്ഫലമായി,
കൂടെ ഞാന്‍ കണ്‍ തുറന്നിരുന്ന സ്വപ്നങ്ങളും. ഒരാഴ്ചക്കാലത്തേക്ക് എനിക്ക് മറ്റു കുട്ടികളുടെയും ടീച്ചര്‍മാരുടെയും
മുഖത്ത് തന്നെ നോക്കാന്‍ കഴിഞ്ഞില്ല. 
അതിമനോഹരമായി 'ഗീത' ടീച്ചര്‍ പറഞ്ഞു തന്ന ആ നാടകം അങ്ങനെ അവിസ്മരണീയമാക്കിയ എന്നോട് പിന്നീട്
 ടീച്ചര്‍ക്ക്‌ പ്രത്യേക പരിഗണന തന്നെയായിരുന്നു. ഇതിനോടകം നാടകവും ,സംവിധാനവും
എനിക്ക് പറ്റിയ പണിയല്ല എന്ന് എനിക്ക് മനസ്സിലായി.

" ഇത്ര നല്ല ഒരനുഭവം എനിക്കും മറ്റുള്ളവര്‍ക്കും (കാണികള്‍)  നല്‍കിയ എന്‍റെ പ്രിയ ക്ലാസ്സ്‌ മേറ്റ്സിനെ ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍ത്തുകൊണ്ട് ...
ഈ കൊച്ചു കഥ അവര്‍ക്കെല്ലാമായി ഞാന്‍ ഹൃദയം കൊണ്ട് സമര്‍പ്പിക്കട്ടെ... <3 "

                                                                                         -ശുഭം-






No comments:

Post a Comment